സഹസ്രനാമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ലളിതാസഹസ്രനാമമാണ്. ബ്രഹ്മാണ്ഡപുരാണത്തില്‍ ഉത്തരഖണ്ഡത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണ് ലളിതാസഹസ്രനാമസ്‌തോത്രം. ശിവശക്തി ഐക്യരൂപിണിയായ ശ്രീലളിതാ മഹാത്രിപുര സുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ഈ ഗ്രന്ഥത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്.
ലളിതാ സഹസ്രനാമ സ്‌തോത്രത്തില്‍ ഒന്നിലധികം തവണ ഒരു ദേവീ നാമവും ആവര്‍ത്തിക്കപ്പെടുന്നില്ല. മന്ത്രശക്തിയുടെ പൂര്‍ണ്ണത, കാവ്യഭംഗി ഇവ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ സ്‌തോത്രം ഒരത്ഭുതം തന്നെയാണ്. സ്ത്രീ സൗന്ദര്യത്തിന്റെ അതിമനോഹരമായ വിവരണമാണ് ഈ ഗ്രന്ഥം.
ഹയഗ്രീവമൂര്‍ത്തിയായ വിഷ്ണു തന്റെ ഭക്തനായ അഗസ്ത്യ മഹര്‍ഷിക്ക് ഉപദേശിച്ച് കൊടുത്തതാണ് ലളിതാസഹസ്രനാമം. ദേവിയുടെ അനുചാരികളായ വാഗ്‌ദേവതമാരാണ് ലളിതാസഹസ്രനാമം നിര്‍മ്മിച്ച് ലളിതാദേവിയുടെ തിരുമുമ്പില്‍ ആദ്യമായി ചൊല്ലിയത്.
സംപ്രീതയായ ദേവി അവരെ അനുഗ്രഹിക്കുകയും ചെയ്തു. അന്ന് മുതല്‍ ത്രിമൂര്‍ത്തികള്‍പോലും ലളിതാസഹസ്രനാമ സ്‌തോത്രത്താല്‍ ദേവിയെ ഭജിക്കുന്നു. അനേക കാലങ്ങള്‍ക്ക് മുമ്പ് ''ഭാസുരാനന്ദനാഥന്‍'' എന്ന ദേവീ ഉപാസകന്‍ വാഗ്‌ദേവതമാര്‍ ചൊല്ലുന്നതുകേട്ട് എഴുതി നിര്‍മ്മിച്ച് ലോകത്ത് പ്രചരിപ്പിച്ചതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. (ഭിന്നാഭിപ്രായങ്ങളും പറയുന്നുണ്ട്).
കാലാന്തരത്തില്‍ തുടര്‍ന്നുവന്ന സഹസ്രനാമ സ്‌തോത്ര വ്യാഖ്യാനങ്ങള്‍ എല്ലാം തന്നെ ഭാഷാ ഭാഷ്യങ്ങളോ, വ്യത്യസ്ത വ്യാഖ്യാനങ്ങളോ ആയിരിക്കാം. നൂറ്റി എണ്‍പത്തിമൂന്ന് ഇരട്ട വരി ശ്ലോകങ്ങളില്‍ ആയിരം ദേവീനാമങ്ങള്‍ അടങ്ങിയിരിക്കുന്നു. ഗൃഹസ്ഥാശ്രമികള്‍ക്ക് ജപിക്കാന്‍ ഏറ്റവും ഉത്തമം ലളിതാസഹസ്രനാമ സ്‌ത്രോത്രം തന്നെയാണ്. പണ്ട് ഗുരുക്കന്മാര്‍ ശിഷ്യന്മാരെ ഈ സ്‌തോത്രം ചൊല്ലുവാന്‍ പഠിപ്പിച്ചിരുന്നു.
ഈശ്വര വിശ്വാസമില്ലാത്തവര്‍ക്ക് ഈ സ്‌തോത്രം ഒരിക്കലും ഉപദേശിക്കാന്‍ പാടില്ലാത്തതാണ്. ദേവീ ഉപാസകര്‍ക്ക് ഈ ഗ്രന്ഥം ഒരു അമൂല്യനിധിയാണ്. രോഗം, ദാരിദ്ര്യം, ദുഃഖം, ഭയം ഇവയെല്ലാം ഈ സ്‌ത്രോത്രപാരായണത്താല്‍ അകന്നുപോകും.
ശരീരശുദ്ധി, മനഃശുദ്ധി ഇവ ഈ സ്‌തോത്രം ചൊല്ലുന്നതിന് അത്യാവശ്യമായും വേണ്ടതാണ്. വെള്ളിയാഴ്ചതോറും ഈ ഗ്രന്ഥം പാരായണം ചെയ്താല്‍ ഗൃഹദോഷം, ആയുര്‍ദോഷം ഇവയെല്ലാം ഇല്ലാതാവും. ഇങ്ങനെ വളരെയധികം പ്രാധാന്യമുള്ള ലളിതാസഹസ്രനാമ സ്‌ത്രോത്രം രഹസ്യനാമ സ്‌തോത്രമാണ്. ഇന്ന് ലോകമെമ്പാടും പ്രചാരണത്തിലുള്ള ഗ്രന്ഥമാണിത്.
''ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു ശിവനാമം.
ആയിരം ശിവനാമങ്ങള്‍ക്ക് തുല്യമാണ് ഒരു ദേവീനാമം.''